വി.ഡി. സതീശനെ ലീഡറാക്കി ഫ്ലക്സ് ബോർഡ്; കോൺഗ്രസിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശന്റെ ഫ്ലക്സ് ബോർഡ് വെച്ചതിലും തിരുവനന്തപുരത്ത് വലിയ സ്വീകരണം നൽകുന്നതിലും ഒരു വിഭാ​ഗത്തിന് തർക്കം. ജയം സതീശന്റെ മാത്രം അധ്വാനമല്ലെന്നാണ് പ്രധാന വിമർശനം. ​ഗ്രൂപ്പില്ലെന്ന് പറഞ്ഞ് നടക്കുന്നവർ എന്തിനാണ് ഫ്ലക്സ് വെച്ചതെന്ന ചോദ്യമാണ് ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ ഉയർത്തുന്നത്. സതീശന്റെ പേരിൽ പുതിയ ​ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്നും അവർ ആരോപിക്കുന്നു. ഡിസിസിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരത്തെത്തുന്ന വിഡി സതീശന് സ്വീകരണം നൽകാൻ പ്രവർത്തകർ എത്തിയിട്ടുണ്ട്.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ ഒരു കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സതീശനെതിരെ പരോക്ഷ വിമർശനം ഉയർത്തുന്നുണ്ട്. കോൺ​ഗ്രസിന്റെ ഉരുക്കുകോട്ടയായ തൃക്കാക്കരയിലെ വിജയത്തിന് എന്തിനാണ് അപര പിതൃത്വം ഏറ്റെടുക്കുന്നത് എന്നുള്ള വിമർശനമാണ് അദ്ദേഹം ഉയർത്തുന്നത്. മുഖ്യമന്ത്രിക്കൊത്ത എതിരാളിയെന്ന നിലയിലുള്ള ക്യാമ്പയിനാണ് ഇപ്പോൾ നടക്കുന്നത്. വിമാനത്താവളത്തിൽ വിഡി സതീശനെ സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്ന വലിയ സ്വീകരണത്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

പ്രതിപക്ഷനേതാവ് വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ വെച്ചിരുന്നു. ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. ഇത് ആരാണ് സ്ഥാപിച്ചതെന്ന് ഫ്ലക്സ് ബോർഡിലില്ല. സംസ്ഥാന കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തിൽ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നൽകുന്ന തരത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒറ്റച്ചങ്കേയുള്ളൂ, ഒരു നിലപാടേയുള്ളൂ, നിലപാടുള്ളയാൾ വി.ഡി. സതീശൻ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് ഇന്ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തിന് വലിയ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ. തൃക്കാക്കരയിൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. പ്രചാരണത്തിന്റെ നേതൃത്വവും അദ്ദേഹം തന്നെയാണ് നേരിട്ട് ഏറ്റെടുത്തിരുന്നത്.

സംസ്ഥാന കോൺ​ഗ്രസിൽ വരും ദിവസങ്ങളിൽ ഉടലെടുക്കാൻ സാധ്യതയുള്ള പുതിയ സമവാക്യങ്ങളുടെയോ ശാക്തിക ചേരിയുടെയോ തുടക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് മുതിർന്ന നേതാക്കളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Top