ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനം, ശക്തമായി വിയോജിക്കുന്നു:വി ഡി സതീശന്‍

തിരുവനന്തപുരം: നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റില്‍ ഒതുക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്. നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ ഒന്നുമില്ല. മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജന്‍സികളെ ഭയമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടിലാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

”സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് ഇത്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ തയാറാക്കി നല്‍കിയ ഈ നയപ്രഖ്യാപനത്തില്‍ ഒരു കാര്യവും ഇല്ല. ഈ ഗവണ്‍മെന്റിന്റെ സ്ഥിതി മുഴുവന്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ക്കു വായിക്കാന്‍ സര്‍ക്കാര്‍ എഴുതി തയാറാക്കി നല്‍കിയത്. അതില്‍ യാതൊരു കേന്ദ്രവിമര്‍ശനവും ഇല്ല. കേന്ദ്ര ഏജന്‍സികളെ പേടിച്ച് ഡല്‍ഹിയിലെ സമരം തന്നെ മാറ്റി.” വി.ഡി. സതീശന്‍ പറഞ്ഞു.

കേരളീയത്തെ കുറിച്ചും നവകേരള സദസിനെകുറിച്ചും മാത്രമാണ് ഈ നയപ്രഖ്യാപനത്തില്‍ പറയുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കണക്കില്ലാത്ത കള്ളപ്പിരിവുനടത്തിയ പരിപാടികളാണ് കേരളീയവും നവകേരള സദസും. ലൈഫ് മിഷന്‍ എന്ന ഭവനനിര്‍മാണ പദ്ധതി പൂര്‍ണമായി തകര്‍ന്നു. സപ്ലൈകോയില്‍ സബ്‌സിഡിയുള്ള സാധനങ്ങള്‍ ലഭിക്കാനില്ല. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിരിക്കുകയാണ്. നയപ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന ഓരോകാര്യവും യാഥാര്‍ഥ്യവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും സതീശന്‍ പറഞ്ഞു.

Top