യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഗണ്‍മാനുമെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഗണ്‍മാനുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്നാണ് വി ഡി സതീശന്റെ മുന്നറിയിപ്പ്.

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുത്തത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടകളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘എസ്പി ശുപാര്‍ശ ചെയ്ത ഗുണ്ടകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. രണ്ടായിരത്തി ഇരുനൂറ് പൊലീസുകാരുടെ അകമ്പടിയും നാല് വാഹനങ്ങളില്‍ ക്രിമിനലുകളുടെ അകമ്പടിയും കൊണ്ടാണ് മുഖ്യമന്ത്രി നടക്കുന്നത്.

യൂത്ത് കോണ്‍ഗ്രസുകാരെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തല്ലിച്ചതച്ചു. അതിലൊന്നും പൊലീസ് കേസുകളുമെടുത്തില്ല. ഇത് തന്നെ തുടര്‍ന്നാല്‍ പ്രതിപക്ഷം രംഗത്തിറങ്ങുമെന്ന് പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തതാണ്. ഇനിയും ഈ അക്രമങ്ങളില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ ഞങ്ങള്‍ നിയമം കയ്യിലെടുക്കും. ഈ അടിച്ച ആളുകളെയൊക്കെ തിരിച്ചടിക്കും. അത് ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്’.

ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. നാണമുണ്ടോ മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കാനെന്ന് ചോദിച്ച വി ഡി സതീശന്‍ പൊലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഗുണ്ടകളെയും കൊണ്ട് നടക്കുന്നതെന്ന് വിമര്‍ശിച്ചു.

Top