കൊവിഡ് പടരുമ്പോഴും സര്‍ക്കാര്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കൊവിഡ് പടരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരും ആരോഗ്യ വകുപ്പും നിശ്ചലമായിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത സ്ഥിതിയാണ്. മുന്‍ ആരോഗ്യമന്ത്രിക്കു പോലും ആന്റിബോഡി, ആന്റിവൈറല്‍ മരുന്നുകള്‍ ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘സര്‍ക്കാരും ആരോഗ്യ വകുപ്പും നിശ്ചലമാണ്. നിങ്ങള്‍ ഒന്ന് ആലോചിക്ക്, ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ചെയ്തതു പോലെ എന്തെങ്കിലും ഒരു തയ്യാറെടുപ്പ് മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ. സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതിയെന്താണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരും പോവുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ എന്ത് തിരക്കാണെന്ന് നിങ്ങള്‍ അന്വേഷിച്ച് നോക്ക്. 22000 പേരുണ്ടായിരുന്ന കൊവിഡ് ബ്രിഗേഡ് പിരിച്ചു വിട്ടപ്പോള്‍ ഞങ്ങളതിനെ നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. ഒരു സംവിധാനവും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലില്ല. ആന്റിവൈറല്‍ മരുന്നുകളില്ല. പഴയ ആരോഗ്യ മന്ത്രിക്കും മരുന്ന് കിട്ടിയില്ലല്ലോ. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്തതിനാല്‍ പതിനായിരക്കണക്കിന് രൂപ മുടക്കി ആളുകള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്,’ വിഡി സതീശന്‍ പറഞ്ഞു.

‘ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കൊന്നും ഒരു റോളമുമില്ല. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കി ഒരു വിഭാഗം ആളുകള്‍ ഇതിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവരൊന്നും ചെയ്യുന്നില്ല എന്നതാണ് ഇതിലെ സങ്കടകരമായ കാര്യം. ഇത് വിധിക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ രോഗബാധ വര്‍ധിക്കുമെന്നാണ് ആരോഗ്യമന്ത്രി ആകെ പറഞ്ഞത്. അവരെന്ത് ചെയ്തു. മുഖ്യമന്ത്രി ഉത്കണ്ഡ രേഖപ്പെടുത്തി എന്നു പറയുന്നു. ഈ വാക്കൊക്കെ വലിയ കാര്യമുള്ളതാണോ,’ വിഡി സതീശന്‍ ചോദിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സര്‍ക്കാരിന് പാര്‍ട്ടി സമ്മേളനമാണ് പ്രധാനം. പാര്‍ട്ടി തീരുമാനങ്ങള്‍ക്കാണ് പരിഗണന കൊടുക്കുന്നത് എന്നിട്ട് നാട്ടുകാരോട് ജാഗ്രത പാലിക്കണമെന്ന് മന്ത്രിമാര്‍ പറഞ്ഞിട്ടെന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

Top