ഉയരേ… എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ചിത്രം ടി.പത്മനാഭന്‍

വാഗതനായ മനു അശോക് സംവിധാനം ചെയ്ത ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തിനെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്ത് വന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന്‍ ടി.പത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റും.

ഉയരെ എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സിനിമയാണെന്നും തനിക്ക് അത് പറയാന്‍ അശേഷം മടിയുമില്ലെന്നാണ് അദ്ദേഹം കുറിച്ചത്. വളരെ കാലിക പ്രധാന്യമുള്ള പ്രമേയം പറഞ്ഞ ചിത്രം ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ വാഴ്ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.ഒപ്പം നമ്മൂടെ ചെറുപ്പക്കാര്‍ ആവശ്യം കാണേണ്ട സിനിമയാണെന്ന ഉപദേശവും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കുന്നു.

കൂടാതെ ചിത്രത്തിലെ അഭിനേതാക്കളെയും സംവിധായകനേയും തിരക്കാഥാകൃത്തുക്കളേയും മറ്റ് അണിയറപ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ഏറെക്കാലം കൂടി ഞാനിന്ന് തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു-ഉയരെ. എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു മികച്ച സിനിമയാണെന്ന് പറയാന്‍ എനിക്ക് അശേഷം മടിയില്ല. ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ്. ഈ സിനിമയുടെ പ്രമേയം. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ വാഴ്ത്തുന്നു.

നമ്മുടെ ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രമാണിത്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും സംവിധായകന്‍,നടീനടന്‍മാര്‍.ടെക്നീഷ്യന്‍മാര്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.

ഇങ്ങിനെയൊരു ചിത്രമെടുത്ത മൂന്നു യുവതികളെ ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നില്ല. എത്രയോ മികച്ച സിനിമകള്‍ നമുക്ക് നല്‍കിയ പി.വി ഗംഗാധരന്റെ പുത്രികള്‍ ആണല്ലോ അവര്‍ വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം”

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ പാര്‍വതിയെക്കൂടാതെ ആസിഫ് അലി, ടൊവിനോ, അനാര്‍ക്കലി മരിക്കാര്‍, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മാണം. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.

Top