വീണ്ടും അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ ‘ഉയരെ’; സന്തോഷം പങ്കുവെച്ച് സംവിധായകന്‍

പാര്‍വതി കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ഉയരെ’ വീണ്ടും അന്താരാഷട്ര പുരസ്‌കാര നിറവില്‍. സംവിധായകന്‍ മനു അശോകാണ് വിവരം പങ്കുവെച്ചത്. ജര്‍മ്മനിയില്‍ നിന്നുമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ ചിത്രമായിരുന്നു ഉയരെ.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്ഗാര്‍ട്, ജര്‍മ്മനിയിലാണ് ഉയരെ ആദരിക്കപ്പെട്ടത്. ഓഡിയന്‍സ് പോള്‍ അവാര്‍ഡാണ് മനു അശോകിന് ലഭിച്ചിരിക്കുന്നത്.

ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 2019-ലാണ് റിലീസ് ചെയ്തത്. മനു അശോകിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉയരെ. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത നിര്‍മ്മാണ ബാനര്‍ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കള്‍ ചേര്‍ന്നു രൂപം നല്‍കിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.

ഗോവിന്ദ് എന്ന് പേരുള്ള നെഗറ്റീവ് ടച്ചുള്ള ഒരു വേഷമാണ് ആസിഫ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാര്‍വതിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമുള്ള ഈ ചിത്രത്തില്‍ ടൊവിനോ തോമസും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.

രഞ്ജി പണിക്കര്‍, പ്രേം പ്രകാശ്, പ്രതാപ് പോത്തന്‍, സിദ്ദിഖ,് ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് മുകേഷ് മുരളീധരനും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും ആണ്. മഹേഷ് നാരായണന്‍ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

Top