ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം കുവൈറ്റ് പുതുക്കി നിശ്ചയിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി തൊഴിലാളികള്‍ക്ക് പുതു വര്‍ഷത്തില്‍ സന്തോഷ വാര്‍ത്തയുമായി കുവൈറ്റ് ഭരണകൂടം. കുവൈറ്റിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. പുതിയ ലിസ്റ്റില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ മിനിമം വേതനം 70 ദിനാറില്‍ നിന്നും 100 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

2019 ജനുവരി മുതല്‍ പുതുക്കിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വരും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ അറിയിപ്പ് അനുസരിച്ചു അവിദഗ്ധരായ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ചുരുങ്ങിയ വേതനം 100 ദീനാര്‍ ലഭിക്കണം. വീട്ടുവേലക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ഹെല്‍പര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ നിരക്ക് ആയിരിക്കും ഇനി മുതല്‍ ബാധകമാകുക. ഇതോടൊപ്പം ഡിപ്ലോമ യോഗ്യതയുള്ള നഴ്‌സുമാരുടെ വേതനം 275 ദീനാറും ബി.എസ്.സി യോഗ്യതയുള്ളവരുടേത് 350 ദീനാറും ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

നേരത്തെ ഇത് യഥാക്രമം 260 ദീനാര്‍, 325 ദീനാര്‍ എന്നിങ്ങനെയായിരുന്നു. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം, താമസം, ചികിത്സ, നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എന്നിവ നല്‍കണമെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റമില്ല. പുതുക്കിയ വേതനനിരക്ക് സംബന്ധിച്ച പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതച്ചെലവ് ഉയര്‍ന്നതിന്റെയും ഇപ്പോഴത്തെ തൊഴില്‍ വിപണി നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും എംബസ്സിയുടെ അറിയിപ്പില്‍ പറയുന്നു.

Top