യുവി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് യു.വി ജോസിനെ സിബിഐ സംഘം ചോദ്യം ചെയ്തത്. ഡെപ്യൂട്ടി സിഇഒയോടും ചീഫ് എഞ്ചിനിയറോടും വീണ്ടും ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലൈഫ് മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും ഫയലുകളാണ് സിബിഐ സംഘം ചോദ്യം ചെയ്യലില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹാജരാക്കിയത് ഫയലുകളുടെ പകര്‍പ്പ് ആയിരുന്നു. ഇത് വെച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഒറിജിനല്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഇവയെല്ലാം വിജിലന്‍സ് കൊണ്ടുപോയിരിക്കുകയാണെന്നാണ് യു.വി ജോസ് അറിയിച്ചത്.

ഇതേതുടര്‍ന്നാണ് ഒറിജിനല്‍ ഫയലുകളുമായി ഇനി ഹാജരാകണമെന്നാണ് സിബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് സിബിഐ വിലയിരുത്തല്‍.

സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലായെന്ന കാര്യം നാളെ വിഷയം പരിഗണിക്കവേ സിബിഐ ഹൈക്കോടതിയെ അറിയിച്ചേക്കും.

Top