ഉത്തര്‍പ്രദേശിലെ ഗോമാതാ സംരക്ഷണങ്ങളില്‍ വര്‍ഗ്ഗീയ കലാപത്തിന്റെ ഗൂഢാലോചന. .

ത്തര്‍പ്രദേശില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകം ആകസ്മിക സംഭവമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ഈ പ്രതികരണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം ഇപ്പോള്‍ ആരോപിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ വന്ന് നില്‍ക്കിമ്പോള്‍ ഉയരുന്ന ഈ ആരോപണങ്ങള്‍ ബിജെപിയെ പിടിച്ചുലയ്ക്കുന്നതാണ്. പ്രത്യേകിച്ച് ജാതി-മത സമവാക്യങ്ങളെ സംബന്ധിക്കുന്നതാകുമ്പോള്‍.

ഗ്രാമവാസികള്‍ പോലും ഇന്‍സ്പെക്ടറുടെ മരണത്തേയും യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവനയെയും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ജാട്ട് സമുദായത്തിലാണ് ഈ സംശയം ഏറ്റവുമധികം ആളിപ്പടര്‍ന്നിരിക്കുന്നത്.

ബുലന്ദ്ഷഹറിനെ മുസാഫര്‍നഗറാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്ന നാടകങ്ങളാണ് ഇത് എന്നാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ചര്‍ച്ചകള്‍. ജാട്ടുകളെ മുസ്ലീംമുകള്‍ക്കെതിരെ തിരിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് പ്രധാന ആരോപണം.

2013ലാണ് മുസാഫര്‍പൂര്‍ കലാപം നടന്നത്. മുസ്ലീം, ഹിന്ദു ജാട്ട് സമുദായങ്ങളില്‍ നിന്നും 60 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.

ഈ മാസം 3-ാം തീയതിയാണ് ബുലന്ദ്ഷഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാര്‍ സിങ് എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചത്. 60 പേരില്ലാത്ത ആളുകളെ ഉള്‍ക്കൊള്ളിച്ചാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമത്തിലെ പുരുഷന്മാരെല്ലാം അറസ്റ്റ് ഭയന്ന് വിവിധ ഇടങ്ങളിലേയ്ക്ക് പലായനം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ കാണാന്‍ സാധിക്കുന്നത്. കലാപത്തില്‍ പങ്കില്ലെങ്കില്‍ പോലും ഭയം അവരെ നിരന്തരം വേട്ടയാടുന്നു. തിരിച്ചറിയാത്ത ആളുകളുടെ പട്ടിക നിറയ്ക്കാന്‍ ഏതു നിമിഷവും അറസ്റ്റുണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം.

ഗ്രാമത്തിലെ ആളുകളിലെല്ലാം ഭരണ കൂടത്തോടും ബജ്റംഗിദള്‍ പ്രവര്‍ത്തകരോടും വലിയ അമര്‍ഷമുണ്ട്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മുസ്ലീം ആഘോഷങ്ങളുടെ അവസാന ദിനമാണ് ഇതിനെല്ലാം അടിസ്ഥാനമായ സംഭവം നടക്കുന്നത്. ഒരു മില്യണില്‍ കൂടുതല്‍ മുസ്ലീങ്ങളാണ് അന്ന് നഗരത്തില്‍ ഒത്തു കൂടിയിരുന്നത്. മറ്റ് ഗ്രാമങ്ങളില് നിന്ന് പോലും അവിടെ ആളുകള്‍ എത്തിയത് എങ്ങനെയാണെന്നാണ് സാക്ഷികള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നത്.

അതു കൊണ്ടു തന്നെ പെട്ടെന്നുണ്ടായ പശു സ്നേഹവും അതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമല്ല വലിയ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് ന്യായമായും അവര്‍ സംശയിക്കുന്നു.

നരേന്ദ്ര സയ്നി എന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതനുസരിച്ച്, ഭാരത് മാതാ കീ ജയ്, പാക്കിസ്ഥാന്‍ മൂര്‍ദ്ധാബാദ് വിളികളും അന്നത്തെ ആക്രമണത്തിനിടയില്‍ ഉയര്‍ന്ന് കേട്ടിരുന്നു.

ഗോമാതവാണ് ഇവിടുത്തെ പ്രധാന പ്രശ്നം. എന്നാല്‍ എല്ലാം കഴിഞ്ഞ് പിടിക്കപ്പെടാറാകുമ്പോള്‍ മാത്രം ഒന്നുമറിയില്ലേ രാമനാരായണ എന്ന ചൊല്ലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചിരിക്കുന്നത്. പശുവിനെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

പിന്നീട് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകം ആകസ്മികമാണെന്ന് പൊതിഞ്ഞു പറഞ്ഞ് കൈ കഴുകി. ഇപ്പോള്‍ കേസന്വേഷിക്കുന്ന അന്വേഷണ സംഘം സുബോധ് സിംഗ് എസ്എച്ച്ഒ ആയ സ്റ്റേഷന് കീഴില്‍ ഗോവധ നിരോധനവും പശുകടത്തും തുടരുന്നുണ്ടായിരുന്നോ എന്നുകൂടി വിലയിരുത്തണം എന്ന് ബിജെപി എം പി രാജേന്ദ്ര അഗര്‍വാള്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്.

നേരത്തെ ബുലന്ദ്ഷഹര്‍ എം പി ഭോലാ റാം സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഒന്നാം പ്രതിയായ യോഗേഷ് രാജ് സിംഗ് ചെയ്തത് മഹത്വപൂര്‍വ്വമായി കാര്യമാണെന്നും കണ്ണുതുറപ്പിക്കുന്നതാണെന്നും പ്രസ്താവിച്ചിരുന്നു.

ഗൂഢാലോചന. . ഗൂഢാലോചന എന്ന് പറഞ്ഞ് നിലവിളിക്കാനല്ലാതെ ഗ്രാമവാസികള്‍ക്ക് കഴിയുന്നേ ഇല്ല. അജണ്ടകളില്‍ നിന്ന് ഉരിത്തിരിഞ്ഞ ആക്രമണങ്ങള്‍ വര്‍ഗ്ഗീയ സ്വഭാവം കൈവരിക്കുകയും, അതില്‍ നിന്ന് അടുത്ത തെരഞ്ഞെടുപ്പിനുള്ള ആയുധം സ്വപ്നം കാണുകയും ചെയ്യുകയാണ് ഒരു വിഭാഗം. വര്‍ഗ്ഗീയ കലാപങ്ങള്‍ നടത്തി അധികാര മോഹങ്ങള്‍ പൂവണിയിക്കാം എന്ന് കരുതി തക്കം പാര്‍ത്തിരിക്കുന്ന ചിലര്‍ അണിയറയില്‍ നീക്കങ്ങള്‍ നടത്തിത്തുടങ്ങി എന്നതാണ് ഈ പ്രശ്നങ്ങളെയെല്ലാം ഗുരുതരമാക്കുന്നത്.

നമ്മുടെ രാജ്യം ഏതു നിമിഷവും വര്‍ഗ്ഗീയ കലാപം നടക്കാന്‍ സാധ്യതയുള്ള ഒരിടമാണ് എന്ന് ചുരുക്കം. .

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top