കോണ്‍ഗ്രസിന് 97% സീറ്റിലും കെട്ടിവച്ച കാശു പോയി, വോട്ടു വിഹിതം 2.4 ശതമാനം

ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത് കനത്ത പരാജയം. മിക്ക നിയോജക മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോലും കോണ്‍ഗ്രസിന് കിട്ടിയില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.
ഉത്തര്‍പ്രദേശിലെ ചെറുരാഷ്ട്രീയപാര്‍ട്ടിയായ രാഷ്ട്രീയ ലോക്ദളിനേക്കാള്‍ വോട്ട് കുറവാണ് ഇത്തവണ കോണ്‍ഗ്രസിന് കിട്ടിയതെന്നര്‍ത്ഥം. ജയന്ത് ചൗധരി നയിച്ച ആര്‍എല്‍ഡിക്ക് ഇത്തവണ കിട്ടിയത് 2.9% വോട്ടുകളാണ്. ആകെ മത്സരിച്ച 399 സീറ്റുകളില്‍ 387 സീറ്റുകളിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോയി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്ക്.

വന്‍വിജയം നേടിയെങ്കിലും ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് പോയിട്ടുണ്ട്. ആകെ 376 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. 347 സീറ്റുകളില്‍ മത്സരിച്ച എസ്പിയുടെ ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി.

ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ചെറുപാര്‍ട്ടികള്‍ അപ്നാ ദള്‍ (സോനേലാല്‍ വിഭാഗം), നിഷാദ് (നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍) എന്നിവയ്ക്ക് ഒരു സീറ്റില്‍ പോലും കെട്ടിവച്ച കാശ് പോയിട്ടില്ല എന്നതാണ്. 27 സീറ്റുകളിലാണ് ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് മത്സരിച്ചത്. മത്സരിച്ചാല്‍ ഏതെങ്കിലും തരത്തില്‍ മോശമല്ലാത്ത രീതിയില്‍ വോട്ടുകള്‍ കിട്ടാന്‍ സാധ്യതയുള്ള സീറ്റുകളേ ബിജെപി ഇവര്‍ക്ക് നല്‍കിയിട്ടുള്ളൂ എന്നര്‍ത്ഥം.

പരമദയനീയമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തിയ മറ്റൊരു പാര്‍ട്ടി ദളിത് ഐക്കണ്‍ മായാവതിയുടെ ബിഎസ്പിയാണ്. ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് പോകാതെ ഒറ്റയ്ക്ക് 403 സീറ്റുകളിലും മത്സരിച്ച ബിഎസ്പിയുടെ 290 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് പോയി.

ഒരു മണ്ഡലത്തില്‍ പോള്‍ ചെയ്യപ്പെട്ട ആകെ വോട്ടുകളുടെ ആറിലൊന്ന് പോലും കിട്ടാത്ത സ്ഥാനാര്‍ത്ഥികള്‍ കെട്ടിവച്ച പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ട് കെട്ടുക. യുപിയിലെ മൊത്തം കണക്കെടുത്ത് നോക്കിയാല്‍ ആകെ മത്സരിച്ചത് 4442 പേരാണ്. ഇതില്‍ 80 ശതമാനത്തിനും, അതായത് 3522 പേര്‍ക്കും കെട്ടിവച്ച തുക തിരികെ കിട്ടിയിട്ടില്ല എന്നാണ് കണക്ക്.

 

Top