ഉത്തരാഖണ്ഡ് അപകടം;150 പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് 150 തൊഴിലാളികളെ കാണാതായി. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലിഗംഗ നദിയില്‍ നിന്നും വലിയതോതില്‍ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നു. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച പാലവും ഒലിച്ചുപോയി.

ഉത്തരാഖണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അപകടസ്ഥലത്തേക്ക് തിരിച്ചു. അളകനന്ദയിലെ നന്ദ പ്രായാഗിന് ശേഷമുള്ള ഭാഗങ്ങളില്‍ ജലനിരപ്പ് അപകടകരമായ സ്ഥിതിയില്‍ അല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സാധാരണ ഗതിയില്‍ ഉള്ളതിനേക്കാള്‍ ഒരു മീറ്റര്‍ മാത്രമാണ് ഇവിടെ ജലനിരപ്പ് ഉയര്‍ന്നതെന്നാണ് അദ്ദേഹം അറിയിച്ചത്. പഴയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യ പരിഭ്രാന്തി ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഋഷികേശ്, ഹരിദ്വാര്‍, വിഷ്ണുപ്രയാഗ്, ജോഷിമഠ്,കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അതേസമയം, ഉത്തരാഖണ്ഡിന് എല്ലാ സഹായവും നല്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വ്യോമസേനയ്ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘാംഗങ്ങളെ പ്രത്യേക വിമാനത്തില്‍ ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്. ജോഷിമഠിലേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘം കൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉത്തരാഖണ്ഡ് ഡിജിപി പ്രതികരിച്ചു. ഡാം സൈറ്റിലെ തൊഴിലാളികള്‍ ഒലിച്ചുപോയെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

 

Top