ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

ഡെറാഡൂണ്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍വെച്ചായിരുന്നു അന്ത്യം. പാര്‍ട്ടി ചുമതലയുള്ള ദേവേന്ദര്‍ യാദവാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തമായ കണ്ണിയായിരുന്നു ഡോ. ഇന്ദിര ഹൃദയേഷ് എന്ന് രാഹുല്‍ ഗാന്ധി എം പി അനുശോചിച്ചു. പൊതുസേവനത്തിനും കോണ്‍ഗ്രസ് കുടുംബത്തിനും വേണ്ടി അവര്‍ അവസാനം വരെ പ്രവര്‍ത്തിച്ചു. ഇന്ദിരയുടെ സാമൂഹികവും രാഷ്ട്രീയവുമായ സംഭാവനകള്‍ ഒരു പ്രചോദനമാണ്. അവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുവെന്നും’ രാഹുല്‍ ട്വീറ്റ് ചെയ്തു.

1941 ഏപ്രില്‍ ഏഴിന് ജനിച്ച ഇന്ദിര ഹൃദയേഷ്, 2012 നിയമസഭ തെരഞ്ഞെടുപ്പില്‍ ഹല്‍ദ് വാനി മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായി വിജയിച്ചു. വിജയ് ബഹുഗുണ, ഹരീഷ് റാവത്ത് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. റാവത്ത് സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരുന്നു. കൂടാതെ പാര്‍ലമെന്ററികാര്യം, ഉന്നത വിദ്യാഭ്യാസം, പ്ലാനിങ് എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

Top