അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ മദ്‌റസകളില്‍ രാമായണം പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍: അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ രാമായണം സിലബസിന്റെ ഭാഗമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് . ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളിലാണ് തീരുമാനം. ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലാണ് രാമായണം പഠിപ്പിക്കുക. ഡെറാഡൂണ്‍, ഹരിദ്വാര്‍, നൈനിതാള്‍, ഉദംസിംഗ് നഗര്‍ ജില്ലകളിലെ നാല് മദ്‌റസകളിലാണ് ആദ്യം രാമായണം സിലബസില്‍ ഉള്‍പ്പെടുത്തുക. അധ്യാപകരെ നിയമിച്ച ശേഷം ബാക്കിയുള്ള 113 മദ്‌റസകളിലും രാമായണം പാഠഭാഗമാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങള്‍ ഖുറാനൊപ്പം രാമായണവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞു. ജ്യേഷ്ഠന് വേണ്ടി എല്ലാം ഉപേക്ഷിച്ച ലക്ഷ്മണനെ കുറിച്ച് വിദ്യാര്‍ഥികളോട് പറയുമ്പോള്‍ സിംഹാസനം ലഭിക്കാന്‍ വേണ്ടി സഹോദരന്മാരെ കൊന്ന ഔറംഗസേബിനെക്കുറിച്ച് അവരോട് എന്തെങ്കിലും പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുത്ത നാല് മദ്‌റസകളിലും ഡ്രസ് കോഡ് കൊണ്ടുവരും. നാല് മദ്‌റസകളിലേക്കും പ്രിന്‍സിപ്പല്‍മാരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെ രാമായണം നന്നായി പഠിപ്പിക്കാന്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അധികാരം നല്‍കും. വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. തിരഞ്ഞെടുത്ത നാല് മദ്‌റസകള്‍ സ്മാര്‍ട്ട് ക്ലാസുകളോടെ മാതൃകാ മദ്‌റസകളോ ആയി വികസിപ്പിക്കും. സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ബുക്കുകള്‍ അവതരിപ്പിക്കുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

Top