Uttarakhand highcourt criticizes governor

നൈനിറ്റാള്‍: ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റല്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും എതിരായ കോടതിയുടെ രൂക്ഷമായ വിമര്‍ശം.

സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇത്തരത്തില്‍ ഇടപെടുന്നത് നിസാര കാര്യമല്ല. അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ അടിയന്തിരമായി ഗവര്‍ണര്‍ ഇടപെടേണ്ടതുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അഞ്ചാംവര്‍ഷം മറിച്ചിടാമെന്നാണോ നിങ്ങള്‍ കരുതുന്നത്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റല്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി രാഷ്ട്രീയ കക്ഷികളെ ക്ഷണിക്കാന്‍ ചുമതലപ്പെട്ടയാളാണെന്നും ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് ഓര്‍മിപ്പിച്ചു.

ഭരണാഘടനപരമായ സംവിധാനം സംസ്ഥാനത്ത് തകര്‍ന്നതിനാലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എന്നാണ് കേന്ദ്രം േൈഹക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ ഹര്‍ജിയില്‍ വിധി പറയില്ലെന്നും കോടതി ഉറപ്പ് നല്‍കി.

ഒന്‍പത് ഭരണകക്ഷി എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് വിശ്വാസ വോട്ട് നേടാന്‍ സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി രണ്ടു ദിവസം ശേഷിക്കെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ ഹരീഷ് റാവത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top