Uttarakhand high court slams central govt on president rule in the state

ഉത്തരാഖണ്ഡ്: നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാഷ്ട്രപതിയുടെ ഉത്തരവും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് ഇങ്ങനെയൊരു പ്രതികരണം.

രാഷ്ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ രാജാവിന്റെ തീരുമാനം പോലെ നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിക്കും തെറ്റുപറ്റാം. എല്ലാം നിയമത്തിന് വിധേയമാണ്. നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയും അതുതന്നെയാണ്.

രാഷ്ട്രപതിയുടെ വിവേകത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് എല്ലാം നിയമത്തിന്റെ കീഴിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉറപ്പാക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ കവരുകയാണെന്നും ഡല്‍ഹിയിലിരുന്ന് ഇവിടെ ( ഉത്തരാഖണ്ഡ്) എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല എന്നും കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.

ഒമ്പത് വിമത എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.

Top