കോണ്‍ഗ്രസ് നേതാവിനോട് മാപ്പ് പറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവ് ഡോ. ഇന്ദിരാ ഹൃദയേഷിനോട് മാപ്പ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്, കോണ്‍ഗ്രസിന്റെ  ഇന്ദിരാ ഹൃദയേഷിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ത്രിവേന്ദ്ര സിങ് റാവത്ത് പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.

ഇന്ദിരാ ഹൃദയേഷിനെതിരെയുണ്ടായ പ്രസ്താവനയില്‍ താന്‍ വളരെ ദുഖിതനാണെന്നും, അവരെ നേരിട്ടു വിളിച്ച് ക്ഷമ ചോദിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇന്ദിരാ ഹൃദയേഷിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇന്ദിരാ ഹൃദയേഷിനെ പരിഹസിച്ച് സംസാരിച്ചത്. അവരുടെ പ്രായത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.

പ്രായമായ ഒരു സ്ത്രീക്കെതിരെ ബന്‍സിധര്‍ ഭഗത് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ വിലകുറഞ്ഞ മാനസികാവസ്ഥയാണ് കാണിക്കുന്നത്. അത്തരം ഭാഷ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് യോജിക്കുന്നതല്ലെന്നാണ് ഇന്ദിരാ ഹൃദയേഷ് ഇതിനോട് പ്രതികരിച്ചത്.

Top