ഉത്തരാഖണ്ഡ് പ്രളയം; തുരങ്കത്തിലെ മണ്ണും ചെളിയും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടി

ചമോലി: ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍. തപോവന്‍ തുരങ്കത്തിലെ മണ്ണും ചെളിയും വേഗത്തില്‍ നീക്കം ചെയ്യാനാകാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുന്നത്. പ്രളയത്തില്‍ 32 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. ഇരുനൂറില്‍ അധികം പേരെ ഇനിയും കാണ്ടെത്താനുണ്ട്.

മണ്ണും ചെളിയും നിര്‍മ്മാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് സിമന്റുമാണ് തപോവന്‍ തുരങ്കത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് തുരങ്കത്തിനകത്തും ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടണിലിന് പുറത്തും നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനിടെ തപോവന്‍ അണക്കെട്ടിലെ ജോലിക്കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഐടിബിപി, കരസേന, ദുരന്തനിവാരണസേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വ്യോമസേനയുടെ ചിനൂക്ക്, എംഐ 17, വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യോമമാര്‍ഗവും തെരച്ചില്‍ നടത്തുകയും രക്ഷാപ്രവര്‍ത്തകര്‍ക്കായി ഉപകരണങ്ങള്‍ എത്തിച്ച് നല്കുകയും ചെയ്യുന്നുണ്ട് .പതിമൂന്ന് ഗ്രാമങ്ങള്‍ മേഖലയില്‍ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്നതോടെ കരമാര്‍ഗം സ്ഥലത്തെത്താന്‍ വഴിയില്ല. അതിനാല്‍ വ്യോമമാര്‍ഗ്ഗം ഭക്ഷ്യവസ്തുകളും കുടിവെള്ളവും എത്തിക്കുന്നുണ്ട്.

 

Top