uttarakhand- bjp offered 50 crore ,says congress Members

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സഖ്യം മാറാനായി ബി.ജെ.പി അമ്പതു കോടി വാഗ്ദാനം ചെയ്‌തെന്ന് രണ്ടു കോണ്‍ഗ്രസ് എ.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. കൂടാതെ അസംബ്ലി തിരഞ്ഞെടുപ്പില്‍ കുടുംബത്തിലുള്ള ഒരാള്‍ക്ക് സീറ്റ് നല്‍കാമെന്നും അല്ലെങ്കില്‍ രാജ്യസഭയില്‍ സീറ്റ് നല്‍കാമെന്നും ബി.ജെ.പിയില്‍ നിന്നും വാഗ്ദാനം ഉണ്ടായതായി കോണ്‍ഗ്രസ് എം.എല്‍ എമാരായ രാജേന്ദ്ര ഭണ്ഡാരി, ജീത്ത് റാം എന്നിവരാണ് വെളിപ്പെടുത്തിയത്. ബി.ജെ.പി നേതാവായ സത്പല്‍ മഹാരാജുമായി അടുത്ത ബന്ധമുണ്ടെന്നു പറയുന്ന ഇവര്‍ തങ്ങള്‍ക്ക് അദ്ദേഹവുമായി വ്യക്തിപരമായ ബന്ധമാണ് ഉള്ളതെന്നും രാഷ്ട്രിയ ബന്ധമില്ലെന്നും പറയുന്നു. ഇവരോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയായ ഡെപ്യൂട്ടി സ്പീക്കര്‍ അനുശ്യ പ്രസാദ് മൈക്കുരിയും ബി.ജെ.പിയിലേക്ക് കൂറുമാറുന്നുവെന്നും അതോടെ പാര്‍ട്ടിയിലെ വിമതരുടെ എണ്ണം ഒമ്പതില്‍ നിന്നു പതിനൊന്നാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് വ്യക്തമാക്കിയ എം.എല്‍ എമാര്‍ തങ്ങള്‍ എന്നും കോണ്‍ഗ്രസിനോടൊപ്പമായിരുന്നു എന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും വ്യക്തമാക്കി.

ധനപരമായ വാഗ്ദാനങ്ങള്‍ താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംസ്ഥാനത്ത് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ മുതല്‍ ലഭിച്ചിരുന്നു. 2.5 കോടിയില്‍ തുടങ്ങിയ വാഗ്ദാനം പിന്നീട് 5 കോടിയായി, 10 കോടിയായി ഒടുവില്‍ അത് 50 കോടിയായിയെന്ന് ബദ്രിനാഥ് എം.എല്‍എയായ ഭണ്ഡാരി പറയുന്നു. തങ്ങളെ കുറിച്ചുണ്ടായ അപവാദങ്ങള്‍ വിഷമിപ്പിച്ചുവെന്നും തങ്ങള്‍ എന്നും കോണ്‍ഗ്രസ് അനുഭാവികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷം ഭരണത്തിലിരിക്കുന്ന അഞ്ചാം വര്‍ഷമാണ്. പല വികസനങ്ങളും അവസാന ഘട്ടത്തിലെത്തുന്ന സമയം ആ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിന് എട്ടുമാസം മുമ്പ് താഴെയിറക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും വിമതരും ജനങ്ങള്‍ക്കുണ്ടാകുന്ന പുരോഗതി നശിപ്പിക്കുകയാണ്. അതിന് വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ അവര്‍ വില നല്‍കേണ്ടി വരുമെന്ന് താരാലിയില്‍ നിന്നുള്ള എം.എല്‍.എയായ രാം പറഞ്ഞു.

എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ ബി.ജെ.പി വക്താവ് മുന്നാസിംഗ് ചൗഹാന്‍ കോണ്‍ഗ്രസ് അംഗങ്ങളെ വെല്ലുവിളിച്ചു. ആദ്യം ഹരീഷ് റാവത്തിന്റെ ഓഫീസിലെ ഐ.എ.എസ് ഓഫീസറെ കൈക്കൂലി ചോദിച്ചതിന് പിടികൂടി. പിന്നീട് വിമത നേതാക്കള്‍ക്ക് ക്യാബിനറ്റ് സീറ്റ് വാഗ്ദാനം ചെയ്യുന്ന ഹരീഷ് റാവത്തിനെയും കൈയോടെ പിടികൂടിയിരുന്നു. ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാനുള്ള ബാലിശമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top