ഉത്തരാഖണ്ഡ് ഹിമപാതം; മരിച്ചവരിൽ 15 ദിവസംകൊണ്ട് എവറസ്റ്റ് കീഴടക്കിയ സവിതയും

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഹിമപാതത്തിൽ കൊല്ലപ്പെട്ടവരിൽ വനിത പർവതാരോഹക സവിത കൻസ്വാളും. എവറസ്റ്റ്, മകാലു കൊടുമുടികൾ 15 ദിവസം കൊണ്ട് കീഴടക്കിയ ഇന്ത്യൻ വനിതയാണ് സവിത.

ചൊവ്വാഴ്ച ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 10 പർവതാരോഹകരാണ് മരിച്ചത്. ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് (എൻഐഎം) പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്താണ് സവിതയുടെ മരണം സ്ഥിരീകരിച്ചത്. 2013ലാണ് എൻഐഎമ്മിൽ സവിത പർവതാരോഹക കോഴ്‌സിന് ചേരുന്നത്. 2018ൽ ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ ഇൻസ്ട്രക്ടറായി ചേർന്നു.

41 അംഗ സംഘം ദ്രൗപതി ദണ്ഡ കൊടുമുടി കീഴടക്കി മടങ്ങിവരുന്നതിനിടെയാണ് അപകടം. കഴിഞ്ഞ മെയിലാണ് എവറസ്റ്റ്, മകാലു കൊടുമുടികൾ കീഴടക്കി സവിത ദേശീയ റെക്കോഡ് കരസ്ഥമാക്കുന്നത്. ഹിമപാതത്തിൽ പത്ത് പർവതാരോഹകർ കൊല്ലപ്പെട്ടിരുന്നു. 14 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുകയാണ്.

Top