ഭീകരാക്രമണങ്ങളുടെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന് ബി.എസ്.പി

ലക്‌നൌ : ഭീകരാക്രമണങ്ങളുടെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മു കശ്മീരിലെ ഭീകരാക്രമണമാണ് രാജ്യത്തിന്റെ സങ്കടവും ചര്‍ച്ചാ വിഷയവും. ബി.ജെ.പിയും പ്രധാനമായി മോദിയും അവരുടെ പരാജയങ്ങളും കഴിവുകേടും ഇതിലൂടെ മറച്ചുവെക്കുകയാണ്, പക്ഷേ ഇന്ത്യയിലെ ജനങ്ങളോട് ഒന്നും മറച്ചുവെക്കാനാവില്ലന്നും മായാവതി പറഞ്ഞു.

മോദി രാജ്യത്തിന്റെ വികാരങ്ങളെ വഞ്ചിക്കുകയാണെന്നും ഇന്ത്യ-പാക്ക് പ്രശ്‌ന സമയത്ത് മോദി ഒരു കോടി ബി.ജെ.പി പ്രവര്‍ത്തകരോട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നെന്നും മായാവതി ആരോപിച്ചു. രാജ്യം യുദ്ധസമാനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ പ്രധാനമന്ത്രി രാഷ്ട്രീയം സംസാരിക്കുകയായിരുന്നെന്നും രാജ്യസുരക്ഷക്ക് വേണ്ട ഒന്നും തന്നെ ചെയ്തില്ലെന്നും മായാവതി വ്യക്തമാക്കി.

അതേസമയം മോദി നുണകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ആഗോളതലത്തില്‍ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്ന് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കുവാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറഞ്ഞതിന് പിന്നാലെയാണ് യെച്ചൂരി ഇത്തരത്തില്‍ പ്രതികരിച്ചത്.

Top