ലോക്ക് ഡൗണ്‍; ആളുകളെ വീട്ടിലിരുത്താന്‍ യമരാജനെ റോഡിലിറക്കി യുപി പൊലീസ്‌

ലക്‌നോ: ലോക്ക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ യമരാജനെ റോഡിലിറക്കി വ്യത്യസ്ത ബോതവത്കരണവുമായി ഉത്തര്‍പ്രദേശ് പൊലീസ്‌. ലക്‌നൗവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ബഹരായിചയിലാണ് സംഭവം.

നിയമങ്ങള്‍ ലംഘിച്ച് വീടുവിട്ടിറങ്ങുന്നവരെ നരകത്തില്‍ ലോക്ക്ഡൗണിലാക്കുമെന്ന സന്ദശവുമായാണ് ‘കാലന്‍’ റോഡില്‍ ഇറങ്ങിയിരിക്കുന്നത്. പൊലീസുകാരുടെ നടുവില്‍ മൈക്കിലൂടെയായിരുന്നു അനൗണ്‍സ്‌മെന്റ്.

‘ഞാന്‍ യമരാജന്‍. ഞാന്‍ കൊറോണ വൈറസുമാണ്. നിങ്ങള്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു മനുഷ്യനും ഈ ഗ്രഹത്തില്‍ അവശേഷിക്കുകയില്ല. എല്ലാവരുടെയും മരണത്തിന് ഞാന്‍ കാരണമാകും. നിങ്ങള്‍ അശ്രദ്ധനായി പെരുമാറിയാല്‍, ഞാന്‍ നിങ്ങളെ കൂടെ കൊണ്ടുപോകും’-യമരാജന്‍ മൈക്കിലൂടെ ഓരോതെരുവിലുമെത്തി വിളിച്ചു പറഞ്ഞു.

ലോക്ക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി ആരും പുറത്തുകടക്കരുത്. തൂവാല മാസ്‌കായി ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകള്‍ കഴുകുക. സാനിറ്റൈസര്‍ ഉപയോഗിക്കുക, പരസ്പരം ഒന്നോ രണ്ടോ മീറ്റര്‍ ദൂരം അകലം പാലിക്കുക. ഇത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും. സമൂഹ അകലം പാലിക്കാനുള്ള നിയമം ആരെങ്കിലും തെറ്റിച്ചാല്‍ അവരെ അധോലോകത്തില്‍ ലോക്ക്ഡൗണിലാക്കും-കാലന്‍ പറയുന്നു.

ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹരായിച പൊലീസാണ് വേറിട്ട രീതിയില്‍ പ്രചരണം നടത്തിയത്. ബൗണ്ടി പൊലീസ് സ്റ്റേഷനിലെ പോലീസുകാരന് ലാവ്കുഷ് മിശ്രയായിരുന്നു യമരാജനായി വേഷമിട്ടത്.

Top