ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് …

ലഖ്നൗ: സ്വകാര്യ സര്‍വ്വകലാശാലകളെ നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്വകാര്യ സര്‍വകലാശാല കാമ്പസുകളെ ഒരുവിധത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള ഇടമാക്കില്ലെന്ന് സ്ഥാപനങ്ങളില്‍നിന്ന് ഉറപ്പുവാങ്ങുന്നതിനുള്ള പുതിയ ഓര്‍ഡിനന്‍സിനാണ് സംസ്ഥാനസര്‍ക്കാര്‍ രൂപംനല്‍കുന്നത്. ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.

മതേതരത്വവും ജനാധിപത്യ ഘടനയും സംരക്ഷിക്കുകയും സാര്‍വലൗകികമായ സാഹോദര്യവും സഹിഷ്ണുതയും നിലനിര്‍ത്തുകയും ചെയ്യുമെന്നും ക്യാമ്പസുകളില്‍ ഒരുവിധത്തിലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും യൂണിവേഴ്സിറ്റികള്‍ ഉറപ്പുനല്‍കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

ഈ നിയമം നിലവില്‍ വന്നുകഴിഞ്ഞാല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യ യൂണിവേഴ്സിറ്റികളും ഈ പൊതു നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിലകൊള്ളുന്നത്. നിയമലംഘനം ഉണ്ടായാല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ഇടപെടാനുള്ള അധികാരവും നിയമം നല്‍കുന്നുണ്ട്.

സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് പുതിയ നിയമമെന്നാണ് സര്‍ക്കാറിന്റെ പക്ഷം.കൂടാതെ സ്വകാര്യ ക്യാമ്പസുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നിയമം സഹായിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് അമ്പത് ശതമാനം ഫീസിളവ് നല്‍കണമെന്നും പുതിയ നിയമത്തില്‍ അനുശാസിക്കുന്നു. മാത്രമല്ല ക്യാമ്പസിലെ 75ശതമാനം അധ്യാപകരം സ്ഥിരം ജോലിക്കാരായിരിക്കണം. സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്കുമേല്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം സാധ്യമാക്കുന്ന വിധത്തിലാണ് പുതിയ നിയമമെന്നാണ് റിപ്പോര്‍ട്ട്.

Top