യുപിയിലെ വ്യാപക പൊലീസ് ഏറ്റുമുട്ടലും കൊലപാതകങ്ങളും; യോഗിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

encounters

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടന്ന പൊലീസ് ഏറ്റുമുട്ടലില്‍ ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ 10 മാസത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലില്‍ 30 പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 20 മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 921 ഏറ്റുമുട്ടലുകള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. ഏറ്റുമുട്ടലില്‍ മുന്ന് പൊലീസുകാരും കൊല്ലപ്പെട്ടതായി കണക്കുകള്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌ നോട്ടീസ് അയയ്ക്കുകയായിരുന്നു. 2018ലേയ്ക്ക് കടന്നതിന് ശേഷം മാത്രം നടന്നത് 3 ഏറ്റുമുട്ടലാണ്‌. ഇക്കാലയളവില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്‍ അയച്ചുവെന്ന് പറയുന്ന നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യു.പി. സര്‍ക്കാര്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ 10 മാസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളില്‍ 196 പേരെ പരിക്കുകളോടെ പിടികൂടിയിട്ടുമുണ്ട്. 2,214 പേരെ അറസ്റ്റും ചെയ്തിരുന്നു. ജീവനോടെയൊ അല്ലാതെയോ പിടികൂടിയാല്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതില്‍ 1688 പേരെയും അറസ്റ്റ് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Top