uttar pradesh cops halt church prayer after hindu group alleges conversion

ലക്‌നൗ: മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്തീയ ദേവാലയത്തിലെ പ്രാര്‍ത്ഥന പൊലീസ് തടസ്സപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ജില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

അമേരിക്കന്‍ വിനോദസഞ്ചാരികള്‍ അടക്കം നൂറിലധികം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനയാണ് പൊലീസ് തടസ്സപ്പെടുത്തിയത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപവത്കരിച്ച ഹിന്ദു യുവവാഹിനി ഗ്രൂപ്പ് പള്ളിയിലെ പാസ്റ്റര്‍ക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ ഈ നടപടി. എന്നാല്‍ പ്രാര്‍ഥനയുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം പാസ്റ്റര്‍ നിഷേധിച്ചു.

മതപരിവര്‍ത്തനം സംബന്ധിച്ച തെളിവൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ആര്‍ക്കെതിരെയും കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പരാതിയില്‍ എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

പള്ളിയിലുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍മാരുടെ വിസയും മറ്റും രേഖകളും പൊലീസ് പരിശോധിച്ചു. നിരക്ഷരരായ പാവപ്പെട്ട ഹിന്ദുക്കളെ അമേരിക്കന്‍ പൗരന്‍മാരുടെ സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ മിഷിനറികള്‍ മതപരിവര്‍ത്തനം നടത്തുകയാണ്. ഇതിനായി ഇവര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും ഹിന്ദു യുവവാഹിനി നേതാവ് കൃഷ്ണ നന്ദന്‍ പറഞ്ഞു.

തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണിത്. ആളുകള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു. മറ്റൊന്നും ഇവിടെ നടക്കുന്നില്ലെന്നും പാസ്റ്റര്‍ ആദം വ്യക്തമാക്കി.

Top