ഉത്തര്‍പ്രദേശ് മന്ത്രിസഭ; മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രിസഭ രൂപീകരണത്തില്‍ ഇന്ന് കൂടുതല്‍ തീരുമാനമുണ്ടായേക്കും. മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്ക് പൊതു മരാമത്ത് വകുപ്പ് ലഭിച്ചേക്കും. ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പാഠക്കിന് നഗര വികസനം ലഭിക്കാനാണ് സാധ്യത. സ്വതന്ത്ര ദേവിന് ജല വകുപ്പ്, മോദിയുടെ അടുപ്പക്കാരനായ എകെ ശര്‍മയ്ക്ക് ആരോഗ്യം, ബേബി റാണി മൗര്യക്ക് വിദ്യാഭ്യാസം ,സുരേഷ് ഖന്നയ്ക്ക് ധനവകുപ്പ് എന്നിങ്ങനെ നല്‍കാനും സാധ്യതയുണ്ട്. സൂര്യ പ്രതാപ് ഷാഹിക്ക് കൃഷിവകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്.

52 അംഗ മന്ത്രിസഭയാണ് യോഗി ആദിത്യനാഥിനൊപ്പം വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുള്ള പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു യോഗിയുടെ സത്യപ്രതിജ്ഞ. ഉത്തര്‍പ്രദേശിലെ ചരിത്ര വിജയത്തോട് കിടപിടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങാണ് ലക്‌നൗവിലെ ഏക്‌ന സ്റ്റേഡിയത്തില്‍ നടന്നത് . മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയുടെ വന്‍ നേതൃനിര തന്നെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു. ആരൊക്കെ ഉപമുഖ്യമന്ത്രിയാകുമെന്ന സസ്‌പെന്‍സിന് ചടങ്ങിന് തൊട്ടു മുന്‍പ് ഉത്തരമായി. കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പാഠക്കുമാണ് ഉപമുഖ്യമന്ത്രിമാര്‍.

Top