ഐ എസ് തീവ്രവാദികളെ വീടുകളിൽ തിരികെ ഏൽപ്പിച്ച് യോഗി ആദിത്യനാഥിന്റ പൊലീസ്

ന്യൂഡല്‍ഹി: ഐ.എസ് തീവ്രവാദികളെ വീടുകളില്‍ മടക്കിയെത്തിച്ച് ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്.

തോക്കിന്‍ കുഴലിലൂടെയല്ലാതെ മാനസിക പരിവര്‍ത്തനത്തിലൂടെ തീവ്രവാദ ഭീഷണി ഇല്ലാതാക്കുന്നതില്‍ വിജയം കണ്ടിരിക്കുകയാണ് യു.പി പൊലീസ്.

വിവിധ പൊലീസ് ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നാല് ഐ.എസ് തീവ്രവാദികളെയാണ് പിടികൂടിയത്. ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഐ.എസ് ആശയത്തില്‍ പ്രലോഭിതരായ നൂറോളം ചെറുപ്പക്കാരാണ് യു.പിയിലുള്ളത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉപയോഗിച്ച് ഇവരെ മടക്കികൊണ്ടുവരുകയാണ് യു.പി പൊലീസ്. പന്ത്രണ്ട് ചെറുപ്പക്കാരെ ഇത്തരത്തില്‍ മനപരിവര്‍ത്തനം നടത്തി തിരികെകൊണ്ടുവന്നതായി യു.പി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഐ.ജി അസീം അരുണ്‍ പറഞ്ഞു.

തൊഴിലില്ലായ്മയാണ് ചെറുപ്പക്കാരെ ഐ.എസ് ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്റര്‍നെറ്റ്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വഴിയാണ് ഇവര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

സോഷ്യല്‍ സൈറ്റുകളില്‍ ഐ.എസ് ആശയം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അവരുടെ കുടുംബങ്ങളുടെ സഹായത്തോടെ കൗണ്‍സിലിങ് നല്‍കി പഠനത്തിനനുസരിച്ചുള്ള ജോലി ലഭിക്കാന്‍ സഹായിച്ചുമാണ് പൊലീസ് ഇവരെ മാറ്റിയെടുക്കുന്നത്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

തോക്കിന്‍ കുഴലിലൂടെയല്ലാതെ തീവ്രവാദത്തെ നേരിടുന്ന ഈ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെയും അഭിനന്ദനം നേടിക്കഴിഞ്ഞു. തീവ്ര ഹിന്ദുത്വ നിലപാടുള്ള യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യു.പിയില്‍ തീവ്രവാദികളെ മാനസിക പരിവര്‍ത്തനം നടത്തി ജീവിതത്തിലേക്കു മടക്കികൊണ്ടുവരുന്നത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്.

Top