Uttar Pradesh Assembly elections 2017: Will Akhilesh-priyanka Gandhi contest together

ന്യൂഡല്‍ഹി: യുപിയില്‍ സമാജ് വാദി പാര്‍ട്ടി ‘അഖിലേഷ് വാദി പാര്‍ട്ടി’യായതോടെ തിരക്കിട്ട കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്സും രംഗത്ത്

യുപിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയിലേക്ക് ചേക്കേറിയ പ്രതിസന്ധി മറികടക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന രാഹുല്‍ ഗാന്ധി വലിയ പ്രതീക്ഷയോടെയാണ് സമാജ് വാദി പാര്‍ട്ടിയിലെ സംഭവവികാസങ്ങളെ നോക്കികാണുന്നത്.

കോണ്‍ഗ്രസ്സ് സഖ്യത്തിന് എതിരെ നിന്നിരുന്ന മുലായം സിംങ്ങ് യാദവിനെ മാറ്റി മകന്‍ അഖിലേഷ് യാദവ് സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമാവാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

യുപിയില്‍ കോണ്‍ഗ്രസ്സിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോര്‍ സമാജ് വാദി പാര്‍ട്ടി-കോണ്‍ഗ്രസ്സ് സഖ്യം അനിവാര്യമാണെന്ന് വളരെ മുന്‍പ് തന്നെ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.

പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും സംയുക്തമായി യുപി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയാല്‍ അത് വലിയ മുന്നേറ്റമാകുമെന്നാണ് കണക്ക് കൂട്ടല്‍.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ ബിജെപി, യുപി ഭരണം തിരിച്ച് പിടിക്കുമെന്ന വാശിയില്‍ സര്‍വ്വ സന്നാഹമൊരുക്കിയാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംങ്ങിനെ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി പ്രഖ്യാപിക്കുമെന്നാണ് പറയപ്പെടുന്നത്.

ബിജെപി യുപി ഭരണം പിടിച്ചാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കാവിപ്പടക്ക് നേട്ടം കൊയ്യാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ ദീര്‍ഘ വീക്ഷണത്തോട് കൂടിയുള്ള കരുനീക്കളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

സമാജ് വാദി-കോണ്‍ഗ്രസ്സ് സഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമായാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

80 ലോക്‌സഭാ അംഗങ്ങളുള്ള യുപിയില്‍ കോണ്‍ഗ്രസ്സ് ‘അജണ്ട’ വ്യക്തമായതിനാല്‍ ബിജെപിയും മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്.

ജനസ്വാധീനമുള്ള പ്രദേശിക പാര്‍ട്ടികളെയും ജാതി സംഘടനകളെയുമെല്ലാം സ്വന്തം പാളയത്തിലെത്തിക്കാനാണ് ഇരു വിഭാഗത്തിന്റെയും ശ്രമം. തിരഞ്ഞെുപ്പ് പ്രഖ്യാപനം ഏത് നിമിഷവും വരുമെന്നതിനാല്‍ നീക്കങ്ങളും തകൃതിയാണ്.

അഖിലേഷ് യാദവുമായി ബന്ധപ്പെട്ട് ടെലിഫോണില്‍ രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയതായ സൂചനകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തി ആരോപിച്ച് മകനായ അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുലായം സിംങ്ങ് യാദവിന് ഒറ്റ ദിവസം കൊണ്ട് തന്നെ നിലപാട് മാറ്റി തിരിച്ചെടുക്കേണ്ടി വന്നിരുന്നു.

മുലായത്തെ സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാണ് അഖിലേഷ് യാദവ് പക്ഷം ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.

പുറത്താക്കലും തിരിച്ചെടുക്കലും ആത്യന്തികമായി അഖിലേഷ് യാദവിന് തന്നെയാണ് നേട്ടമുണ്ടാക്കിയത് എന്നതിനാല്‍ ആത്മ വിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് അനുയായികള്‍ ഒരുങ്ങുന്നത്.

അഖിലേഷ് യാദവും പ്രിയങ്ക ഗാന്ധിയും യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംയുക്തമായി നേതൃത്വം നല്‍കിയാല്‍ തീ പാറുന്ന പോരാട്ടത്തിനാണ് യുപി സാക്ഷ്യം വഹിക്കുക.

Top