ഉത്ര കൊലപാതകം; സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയില്‍ എടുത്തു

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പറക്കോട്ടെ വീട്ടിലെത്തിയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന.

ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്നും സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്നും ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറഞ്ഞിരുന്നു.

ഇന്നലെയാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു സ്വര്‍ണം കാണിച്ചുകൊടുത്തത്.

സ്വര്‍ണ്ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടത് സൂരജിന്റെ അമ്മ രേണുകയുടെ അറിവോടെയായിരുന്നുവെന്നാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നത്.

ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഇതുവരെ അന്വേഷണം പോയിരുന്നത്. എന്നാല്‍ ഇന്നലെ വീട്ടുവളപ്പില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയതോടെ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയെന്നത് പോലീസിന്റെ അന്വേഷണത്തിന് കൂടുതല്‍ ബലം നല്‍കും.

Top