ഉത്രയുടെ മകനെയും സൂരജിന്റെ അമ്മയെയും കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മകനെയും ഭര്‍ത്താവായ സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിന് പിന്നാലെയാണ് കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാതായത്. അഞ്ചല്‍ പൊലീസും അടൂര്‍ പൊലീസുമാണ് കുട്ടിയെ അന്വേഷിച്ച് എത്തിയത്. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. അന്വേഷിച്ചപ്പോള്‍ സൂരജിന്റെ അമ്മയും വീട്ടിലില്ലെന്ന് വ്യക്തമായി.

അടൂരിലെ സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും ഇരുവരുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സൂരജിന്റെ അമ്മ കുട്ടിയെയും കൊണ്ട് മറ്റെവിടെയെങ്കിലും മാറി നില്‍ക്കുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു. ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. പാമ്പ് കടിയേറ്റ് ചികിത്സയിലായിരിക്കെ വീണ്ടും പാമ്പ് കടിച്ച് മരിച്ച ഉത്രയുടേത് കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്.

ഉത്രയുടെ സമ്പത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതു കൂട്ടി നടത്തിയ കൊലപാതകമാണന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സുഹൃത്തിന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സൂരജിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ മൂന്ന് മാസം നീണ്ട് നിന്ന ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവ് കണ്ടെത്തുന്നതിന് വേണ്ടി സൂരജിന്റെ സഹോദരര്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Top