ഉത്രയുടെ മരണം ആസൂത്രിത കൊലപാതകം; ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം. ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുറ്റം സമ്മതിച്ചത്. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.അയ്യായിരം രൂപാവീതം കൊടുത്താണ് സൂരജ് അണലിയെയും മൂര്‍ഖനെയും വാങ്ങിയത്. രണ്ടുതവണയായാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയ്ക്ക്(25) പാമ്പ് കടിയേറ്റത്.

ഈ മാസം ആറാം തീയതി രാത്രിയിലാണ് കുപ്പിയിലാക്കി ബാഗില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ തങ്ങളുടെ കിടപ്പ് മുറിയില്‍ സൂരജ് തുറന്നുവിട്ടത്. മൂര്‍ഖന്‍ ഉത്രയെ രണ്ടുതവണ ആഞ്ഞുകൊത്തുമ്പോള്‍ സൂരജ് നോക്കി നില്‍ക്കുകയായിരുന്നു. പിന്നീട് പാമ്പിനെ കുപ്പിയിലാക്കാനുള്ള ശ്രമം നടത്തവെ സൂരജിനെ കൊത്താനായി പാമ്പ് തിരിഞ്ഞു. പിന്നീട് ശ്രമം ഉപേക്ഷിച്ച് കട്ടിലില്‍ത്തന്നെ ഉറങ്ങാതെ ഇരുന്ന് നേരംവെളുപ്പിച്ചു.

രാവിലെ വീട്ടുകാരെ വിളിച്ചുവരുത്തി ഉത്രയെ പാമ്പ് കടിച്ചതായി അറിയിക്കുകയും മുറിയ്ക്കുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. താന്‍ തന്നെയാണ് പാമ്പിനെ കൊണ്ടിട്ട് കടിപ്പിച്ചതെന്നും പിന്നീട് അടിച്ചുകൊന്നതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

വീട്ടുപറമ്പില്‍ കുഴിച്ചിട്ട പാമ്പിനെ പൊലീസ് മാന്തിയെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ചാത്തന്നൂര്‍ സ്വദേശിയായ പാമ്പ് പിടിത്തക്കാരില്‍ നിന്നാണ് സൂരജ് പാമ്പുകളെ വിലയ്ക്ക് വാങ്ങിയത്. മുമ്പും ഇത്തരത്തില്‍ ഇവരില്‍ നിന്നും പാമ്പുകളെ വാങ്ങാറുണ്ടായിരുന്നു എന്ന് അവര്‍ പറഞ്ഞു.

മാര്‍ച്ച് 26ന് പാമ്പ് പിടുത്തക്കാരനും ഡ്രൈവറും സഹായിയും ചേര്‍ന്നാണ് കാറില്‍ സൂരജിന് അണലിയെ കുപ്പിയിലാക്കി എത്തിച്ചത്. 29ന് അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയെ പാമ്പ് കടിക്കുകയും ചെയ്തു. അന്ന് പാമ്പ് കടിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്ന് ജീവന്‍ രക്ഷിക്കാനായി. ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 22ന് ഡിസ്ചാര്‍ജ്ജ് വാങ്ങി ഉത്തരയെ അഞ്ചലിലെ സ്വന്തം വീട്ടിലെത്തിച്ചു. പിന്നീട് 24ന് തന്നെ സൂരജ് അടുത്ത മൂര്‍ഖന്‍ പാമ്പിനെ വാങ്ങി, ഈ മാസം 6ന് രാത്രിയില്‍ തുറന്നുവിട്ട് കടിപ്പിക്കുകയായിരുന്നു.

അതേസമയം, കൊലപാതകത്തിന് വേണ്ടിയാണ് പാമ്പിനെ വാങ്ങിയതെന്ന് പാമ്പ് പിടുത്തക്കാര്‍ അറിഞ്ഞിരുന്നില്ല. വാര്‍ത്തകളില്‍ ഈ വിഷയം വന്നതോടെ ഇവര്‍തന്നെ പൊലീസിനോട് പാമ്പിനെ വിറ്റകാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ സാധ്യതയില്ല.

സൂരജിനെ തെളിവെടുപ്പിന് അഞ്ചലിലും അടൂരിലും എത്തിയ്ക്കും.നാളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉത്രയുടെ 98 പവന്റെ ആഭരണങ്ങളും പണവും സൂരജ് നേരത്തേ കൈക്കലാക്കിയിരുന്നു. ഉത്രയെ ഒഴിവാക്കി വേറെ വിവാഹം ചെയ്യാനായിരുന്നു പദ്ധതി. വലിയ തോതിലുള്ള സ്ത്രീധനം നല്‍കിയിട്ടും പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നുണ്ട്.

റൂറല്‍ എസ്.പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

Top