ഉത്ര വധക്കേസ്; കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും, പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌

കൊല്ലം: അഞ്ചലില്‍ യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും. ഒന്നാം പ്രതി സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ പ്രതികളെ കൂടുതല്‍ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.

അതേസമയം, കേസിന്റെ നിര്‍ണായക തെളിവിനായി കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ സംഭവദിവസം തന്നെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഈ പാമ്പിനെയാണ് ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിര്‍ണായക തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

അതേസമയം, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഉത്ര വധക്കേസെന്ന് കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ പറഞ്ഞു. കേസില്‍ 80 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ശ്രമം. സാഹചര്യ തെളിവുകള്‍ ഉപയോഗിച്ച് കേസ് തെളിയിക്കുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ്. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top