ഉത്ര വധക്കേസ്, പ്രതിക്കെതിരായ തെളിവുകൾ സാക്ഷികൾ തിരിച്ചറിഞ്ഞു

കൊല്ലം : കൊല്ലം ഉത്ര വധക്കേസിൽ പ്രതി സൂരജിനെതിരെ കോടതിയിൽ ഹാജരാക്കിയ തെളിവുകൾ സാക്ഷികൾ തിരിച്ചറിഞ്ഞു. പാമ്പിനെ കൊണ്ടു വരുന്നതിന് ഉപയോഗിച്ച ജാർ, മയക്കാൻ ഉപയോഗിച്ച ഉറക്കഗുളികയുടെ സ്ട്രിപ്പുകൾ എന്നിവയാണു 15 മുതൽ 18 വരെയുള്ള സാക്ഷികളുടെ വിചാരണയ്ക്കിടെ അവർ തിരിച്ചറിഞ്ഞത്. ചാത്തന്നൂരിലെ സൂപ്പർമാർക്കറ്റിൽ നിന്നാണു ചാവരുകാവ് സുരേഷ് പാമ്പിനെ ഇടാനായി ജാർ വാങ്ങിയത്.

കോടതിയിൽ ഹാജരാക്കിയ ജാർ ലോക്ഡൗൺ സമയത്തു തന്റെ സൂപ്പർമാർക്കറ്റിൽനിന്നു നൽകിയതാണെന്ന് ഉടമ കോടതിയിൽ മൊഴി നൽകി.ഉത്രയുടെ വീട്ടുപരിസരത്തു നിന്നു ജാർ കണ്ടെടുത്തതിനു സാക്ഷിയായ നവാസും മൊഴി നൽകി. സൂരജ് ഉപയോഗിക്കുന്ന കാറിൽനിന്നു രണ്ടു ഗുളികകൾ മാത്രം ശേഷിക്കുന്ന ഉറക്കഗുളികയുടെ സ്ട്രിപ് കണ്ടെത്തുന്നതിനു സാക്ഷിയായ അഞ്ചൽ സ്വദേശി അരുണും കോടതിയിൽ ഇക്കാര്യം സമ്മതിച്ചു. സുരേഷ് പാമ്പിനെ സൂരജിനു കൈമാറിയ സ്ഥലത്തിനു സമീപത്തു കട നടത്തുന്ന നജീമിനെയും കോടതി വിസ്തരിച്ചു.

Top