ഉത്ര വധക്കേസ്: മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതി സുരേഷ് ,അപേക്ഷ നല്‍കി

കൊല്ലം: ഉത്ര വധക്കേസില്‍ മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷ്. ജയില്‍ അധികൃതര്‍ മുഖേന സുരേഷ് കൊല്ലം പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. കൊലപാതകത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നു എന്നാണ് സുരേഷിന്റെ വാദം.

അതേസമയം, വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസില്‍ സുരേഷിനെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും.

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ്, ഇയാളുടെ അച്ഛന്‍ സുരേന്ദ്രന്‍, പാമ്പ് പിടിത്തക്കാരന്‍ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സൂരജും സുരേഷുമാണ് കൊലപാത കേസിലെ പ്രതികള്‍. ഗാര്‍ഹിക പീഡനം തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ നിലവില്‍ ചുമത്തിയിട്ടുള്ളത്.

സുരേന്ദ്രന്‍ പണിക്കര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന വാദവുമായാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Top