ഉത്രയുടെ കൊലപാതകം; മകനെതിയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സൂരജിന്റെ അമ്മ

പത്തനംതിട്ട: അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ സൂരജിന്റെ അമ്മ. കേസിലെ ഒന്നാം പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിനെതിയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് സൂരജിന്റെ മാതാപിതാക്കളുടെ ആരോപണം. സൂരജിനെതിരെയുള്ളത് കള്ളകേസാണെന്നും മകനെ മര്‍ദ്ദിച്ച് കുറ്റംസമ്മതിപ്പിച്ചതായിരിക്കുമെന്നും സൂരജിന്റെ അമ്മ രേണുക പറഞ്ഞു.

സൂരജിനെ കേസില്‍ കുടുക്കുമെന്ന് ഉത്രയുടെ അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും രേണുക ആരോപിച്ചു. കുട്ടിയെ നിയമപരമായാണ് ലഭിച്ചതെന്നും കുഞ്ഞിനെ നോക്കിയത് തങ്ങള്‍ ആണെന്നും സൂരജിന്റെ അമ്മ പറഞ്ഞു. കോടതി പറയുന്നത് അനുസരിച്ച് ചെയ്യുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒന്നാം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് ജാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാര്‍ കണ്ടെടുത്തിയത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

മേയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടര്‍ച്ചയായുള്ള പാമ്പ് കടിയില്‍ സംശയം തോന്നി മാതാപിതാക്കള്‍ നല്‍കിയ പരാതിയോടെയാണ് കൊലപാതകമെന്നു തെളിഞ്ഞത്.

Top