ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല; പരസ്യമായി സമ്മതിച്ച് സൂരജ്

പത്തനംതിട്ട: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭര്‍ത്താവ് സൂരജ്. ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം.

കരഞ്ഞുകൊണ്ട്, ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്നു സൂരജ് പറഞ്ഞു. എന്താണു ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് മറുപടി നല്‍കിയത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.

ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്.

പാമ്പിനെ കൈകാര്യം ചെയ്യാന്‍ യു ട്യൂബ് പഠനം മുതല്‍ കൈകളുടെ ചലന പരിശീലനം വരെ നടത്തിയ ശേഷമാണ് ഇയാള്‍ മൂന്നാമത്തെ ശ്രമത്തിലാണ് ഭാര്യ അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്ര (25) യെ കൊലപ്പെടുത്തിയത്. മേയ് 7നു പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ മൂര്‍ഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു സൂരജ് ജ് എന്നാണു പൊലീസ് പറഞ്ഞത്.

തലേദിവസം ഉത്രയുടെ വീട്ടിലെത്തുമ്പോള്‍ സൂരജിന്റെ കയ്യില്‍ വലിയ ബാഗുണ്ടായിരുന്നു. പാമ്പിനെ സൂക്ഷിച്ച കുപ്പി ഇതിലുണ്ടായിരുന്നുവെന്നാണു കരുതുന്നത്. ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു.

രാത്രി വീട്ടില്‍ എല്ലാവര്‍ക്കും സൂരജ് ജ്യൂസ് ഉണ്ടാക്കിക്കൊടുത്തു. സൂരജ് കുടിച്ചില്ല. ആ പങ്കു കൂടി ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. ഉറങ്ങുന്നതിനു മുന്‍പ് തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താന്‍ മരുന്നു നല്‍കിയതായി ഇയാള്‍ സമ്മതിച്ചു. ഉറക്കത്തില്‍ പാമ്പുകടിയേറ്റ ഉത്ര മരണത്തിലേക്കു നീങ്ങുന്നത് ഉറങ്ങാതെ നോക്കിയിരിക്കുകയായിരുന്നു സൂരജെന്നു പൊലീസ് പറയുന്നു. രാവിലെ ആറരയോടെ കിടപ്പുമുറിയിലെത്തിയ ഉത്രയുടെ അമ്മയാണ് മകളെ ചലനമറ്റ നിലയില്‍ കണ്ടെത്തുന്നത്. അപ്പോള്‍ സൂരജ് വീട്ടിലുണ്ടായിരുന്നില്ല.

Top