സൂരജിന്‌ വധശിക്ഷ നല്‍കേണ്ടിയിരുന്നു, സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ഉത്രവധക്കേസില്‍ പ്രതിക്ക് തൂക്കുകയര്‍ ലഭിക്കേണ്ടിയിരുന്നെന്നും, സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്ത കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിത്.

ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്രക്കേസുണ്ട്. വധശിക്ഷനല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്.

കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കേസില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, പ്രതി സൂരജിന് വിധിച്ച ശിക്ഷയില്‍ അതൃപ്തിയറിയിച്ച് ഉത്രയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. മകള്‍ക്ക് നീതികിട്ടണമെങ്കില്‍ വധശിക്ഷ ലഭിക്കണമായിരുന്നെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നാട്ടില്‍ ഇത്തരത്തിലുള്ള പ്രതികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തില്‍ തൃപ്തരല്ല. അടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മണിമേഖല പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Top