‘മുസ്ലീംലീഗ് വൈറസ്’,കോണ്‍ഗ്രസിന് ഇത് ഏറ്റിട്ടുണ്ട്; വിവാദ പരാമര്‍ശവുമായി യോഗി

ഉത്തര്‍പ്രദേശ്: മുസ്ലീംലീഗ് വൈറസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് ഈ പരാമര്‍ശം നടത്തിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉന്നയിക്കുന്നതാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.

അതേസമയം, യോഗിയുടെ മറ്റൊരു വിവാദ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. യോഗിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാസിയാബാദിലും ഗ്രെയ്റ്റര്‍ നോയിഡയിലും കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. ഭീകരര്‍ക്കു നേരെ മോദിയുടെ സൈന്യം ബുള്ളറ്റും ബോംബുകളുമാണ് അയച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരര്‍ക്ക് ബിരിയാണി വിളമ്പുകയായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന വന്നതിന് പിന്നാലെ പ്രതിപക്ഷം യോഗിക്കെതിരെ രംഗത്തെത്തുകയായിരുന്നു.

Top