മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ എത്തിച്ച 7 തൊഴിലാളികള്‍ക്ക് കോവിഡ്

ലഖ്‌നോ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ എത്തിച്ച ഏഴ് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യു.പിയിലെ ബസ്തി ജില്ലയില്‍ എത്തിച്ചവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നും കഴിഞ്ഞാഴ്ച തിരിച്ചെത്തിച്ച ഇവരെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവരില്‍ രോഗലക്ഷണമുള്ളവരുടെ സാമ്പിള്‍ പരിശോധിച്ചതിലാണ് ഏഴു പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്രമല്ല ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിക്കുന്ന തൊഴിലാളികളെ പരിശോധനക്ക് ശേഷം ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ നിന്നും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തെ വലിയ കോവിഡ് ക്ലസ്റ്ററാകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അതേസമയം, ഉത്തര്‍പ്രദേശില്‍ ഇതുവരെ 2281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് 41 പേര്‍ മരിക്കുകയും ചെയ്തു.

Top