utharakhand -centre-agrees-to-sc-monitored-floor-test

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ ചൊവ്വാഴ്ച ഹരീഷ് റാവത്ത് വിശ്വാസവോട്ടു തേടണമെന്ന് സുപ്രീംകോടതി.

കൂറു മാറിയതിന് സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് എംഎല്‍എമാര്‍ക്കും വോട്ടു ചെയ്യാനാവില്ല. എന്നാല്‍ ഈ എംഎല്‍എമാരുടെ ഹര്‍ജി നാളെ ഉത്തരാഖണ്ഡ് ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ വീണ്ടും കോണ്‍ഗ്രസ്സ് സുപ്രീംകോടതിയെ സമീപിക്കും.

നിലവില്‍ ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണത്തിലാണ്. വോട്ടെടുപ്പിനായി ചൊവ്വാഴ്ച രാഷ്ട്രപതി ഭരണം സസ്‌പെന്‍ഡ് ചെയ്യും. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും വിഡിയോയില്‍ ചിത്രീകരിക്കും.

അതേസമയം, വിശ്വാസവോട്ടെടുപ്പിന് മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയോ മുന്‍ ജഡ്ജിയുടെയോ നിരീക്ഷണം ഉണ്ടാകണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍ വിശ്വാസവോട്ട് തേടുന്നതിനെക്കുറിച്ച് സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 27ന് വിശ്വാസവോട്ടെടുപ്പിനു തലേന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

Top