utharaghand-up-election-started

ഉത്തര്‍പ്രദേശ്: ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലെ 67 മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ യുപിയില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഇരുസംസ്ഥാനത്തും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ 70 നിയമസഭമണ്ഡലങ്ങളിലേക്കും യുപിയില്‍ 11 ജില്ലകളിലെ 67 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

മുഖ്യമന്ത്രി ഹരീഷ് റാവത്ത് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും നോട്ട് നിരോധനദുരിതങ്ങളും ചൂണ്ടി കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം. എണ്ണൂറോളം പ്രശ്നബാധിത ബൂത്തുകളുള്ള ഉത്തരാഖണ്ഡില്‍ 105 കന്പനി കേന്ദ്രസേനയെ വിന്യസിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയില്‍ സമാജ്വാദി കോണ്‍ഗ്രസ് സഖ്യവും, ബിഎസ്പിയും, ബിജെപിയും തമ്മില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്.

സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍, മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ് സംസ്ഥാനമന്ത്രി മെഹബൂബ് അലി എന്നി പ്രമുഖര്‍ രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന യുപിയില്‍ ആദ്യഘട്ടത്തില്‍ 64.22 ശതമാനം പൊളിങാണ് രേഖപ്പെടുത്തിയിരുന്നത്.

Top