ട്രംപ് കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകും

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ട്രംപിന് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ പ്രസ് സെക്രട്ടറിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിനെ പരിശോധനയ്ക്ക് വിധായനാക്കുന്നത്. എന്നാല്‍ ആദ്യംട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ട്.

‘വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല.’ – ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബ്രസീല്‍ പ്രധാനമന്ത്രി ജൈര്‍ ബൊല്‍സൊനാരോയുടെ മാധ്യമവിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കൊറോണ സ്ഥിരീകരിച്ചത്.
ട്രംപിനൊപ്പം ഫ്ളോറിഡയിലെ റിസോര്‍ട്ടില്‍ ഇവര്‍ ഒരുമിച്ച് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അതിനിടെ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വൈറസ് ബാധയില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് 41 പേരാണ് മരിച്ചത്. 2000ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ഇതിനായി ഫെഡറല്‍ ഫണ്ടില്‍ നിന്ന് 50,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top