ലോകത്തെ ഞെട്ടിച്ച് അമേരിക്ക; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 1480 പേര്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 1480 പേരെന്ന് ഞെട്ടിക്കുന്ന വിവരം.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി.

ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. രണ്ട് ദിവസം മുമ്പ് ബുധനാഴ്ചയാണ് അമേരിക്കയില്‍ ഇതിന് മുമ്പ് ഒരു ദിവസം ഏറ്റവും കൂടുതല്‍ മരിച്ചത്. അന്ന് മാത്രം മരിച്ചത് 946 പേരാണ്. അമേരിക്കയില്‍ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുന്നു എന്നതിന്റെ സൂചനയാണിത്. 2,73,880 കേസുകളാണ് ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മെരിലാന്‍ഡില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് കുഞ്ഞുങ്ങള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ദിവസം കൊണ്ട് പുതുതായി സ്ഥിരീകരിച്ചത് 6582 പുതിയ കൊവിഡ് കേസുകളാണ്. 56,289 കൊവിഡ് രോഗബാധിതരുണ്ട് ഇവിടെ. ഇതുവരെ 1867 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Top