ടിബറ്റിന്റെ പേരിൽ അമേരിക്ക ചൈന പോര്

ബെയ്ജിങ് : ടിബറ്റിലെ സ്പെഷൽ കോഓർഡിനേറ്റർ ആയി ഇന്ത്യൻ വംശജയായ നയതന്ത്രജ്ഞ ഉസ്ര സേയയെ നിയമിച്ച യുഎസ് നടപടി ആഭ്യന്തരകാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് ചൈന പ്രതികരിച്ചു. ദലൈ ലാമയുമായി ചർച്ചയ്ക്കു കളമൊരുക്കി ടിബറ്റ് വിഷയത്തിൽ പരിഹാരം കാണുകയുമാണ് ഉസ്രയുടെ ദൗത്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു.

ടിബറ്റിലെ കാര്യങ്ങൾ തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നും യുഎസ് ഇടപെടേണ്ടതില്ലെന്നും ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുകയാണ് യുഎസ് ചെയ്യേണ്ടത്. യുഎസ് അവരുടെ നാട്ടിലെ മനുഷ്യാവകാശ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിലും വംശീയ ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും ശ്രദ്ധിക്കുന്നതു നന്നായിരിക്കും. – ലിജിയാൻ പറഞ്ഞു.

ന്യൂഡൽഹിയിൽ നയതന്ത്ര ചുമതല വഹിച്ചിട്ടുള്ള ഉസ്ര 2018ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. ഇപ്പോൾ യുഎസ് സർക്കാരിൽ പൗരസുരക്ഷ, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുടെ ചുമതലയുള്ള അണ്ടർ സെക്രട്ടറി കൂടിയാണ്.

Top