സെഞ്ചുറി നേടി ഉസ്‍മാന്‍ ഖവാജ ; സന്ദർശകർ ശക്തമായ നിലയിൽ

അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഉസ്‍മാന്‍ ഖവാജയുടെ സെഞ്ചുറിയുടെ കരുത്തില്‍ മികച്ച സ്കോർ ലക്ഷ്യമിടുകയാണ് ഓസ്ട്രേലിയ. ആദ്യ ദിനം സ്റ്റംപ് എടുത്തപ്പോള്‍ 90 ഓവറില്‍ 255/4 എന്ന നിലയിലാണ് സന്ദർശകർ. 251 പന്തില്‍ 15 ഫോറുകളോടെ 104* റണ്‍സുമായാണ് ഖവാജ ക്രീസില്‍ നില്‍ക്കുന്നത്. 64 പന്തില്‍ 49* റണ്‍സുള്ള കാമറൂണ്‍ ഗ്രീനാണ് കൂട്ട്. ആദ്യ ദിനത്തെ ഏറ്റവും ശ്രദ്ധേയമാക്കിയത് ഖവാജയുടെ സെഞ്ചുറി തന്നെ. ഇതിനിടെ ഖവാജയൊരു നേട്ടവും സ്വന്തമാക്കി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ പേസാക്രമണവും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്സർ പട്ടേല്‍ എന്നിവരുടെ സ്‍പിന്‍ കെണിയും അതിജീവിച്ചാണ് ഖവാജയുടെ ശതകം. ഇത്തവത്തെ ഇന്ത്യന്‍ പര്യടനത്തില്‍ ഒരു ഓസീസ് താരത്തിന്റെ ആദ്യ ശതകം കൂടിയാണിത്.

13 വർഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഓസീസ് ഇടംകൈയന്‍ ബാറ്ററാണ് ഉസ്മാന്‍ ഖവാജ. ഇക്കാലയളവിലെ 12 ടെസ്റ്റില്‍ ഒരു ഇടംകൈയന്‍ ഓസസ് ബാറ്റർ പോലും മൂന്നക്കം കണ്ടില്ല. 2010/11 പരമ്പരയില്‍ സെഞ്ചുറി കണ്ടെത്തിയ മാർക്കസ് നോർത്താണ് ഇതിന് മുമ്പ് ഇന്ത്യയില്‍ ടെസ്റ്റ് ശതകം നേടിയ ഇടംകൈയന്‍ ബാറ്റർ. ഡേവിഡ് വാർണറെ പോലുള്ള തകർപ്പന്‍ ഇടംകൈയന്‍ ബാറ്റർക്ക് പോലും ഇന്ത്യയില്‍ വച്ച് ടെസ്റ്റ് സെഞ്ചുറി നേടാനായിട്ടില്ല.

നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഓസീസ് ബാറ്റിംഗ് പുനരാരംഭിക്കും. ആദ്യ ദിനം അവസാന സെഷനില്‍ ആക്രമിച്ച് കളിച്ച കാമറൂണ്‍ ഗ്രീനാണ് സ്കോർ 250 കടത്തിയത്. 44 പന്തില്‍ 32 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കി. രവീന്ദ്ര ജഡേജയ്ക്കായിരുന്നു ക്യാച്ച്. 20 പന്തില്‍ 3 റണ്‍സ് നേടിയ മാർനസ് ലബുഷെയ്ന്‍, 27 പന്തില്‍ 17 സ്വന്തമാക്കിയ പീറ്റർ ഹാന്‍സ്കോമ്പ് എന്നിവരെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. ഖവാജയ്ക്കൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ ചായക്ക് ശേഷം 135 പന്തില്‍ 38 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ രവീന്ദ്ര ജഡേജ കുറ്റി തെറിപ്പിച്ചു. ഇതിന് ശേഷം ഓസീസിന് പ്രതീക്ഷയായ ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് ഇതിനകം പുറത്താകാതെ 85 റണ്‍സ് ചേർത്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ റണ്‍സും ഗ്രീനിന്റെ ബാറ്റില്‍ നിന്നായിരുന്നു.

Top