ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളെ വിമര്‍ശിച്ച് ഉസ്മാന്‍ ഖവാജ

പാക് പര്യടനം റദ്ദാക്കിയ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. പണമാണ് എല്ലാത്തിനു പ്രധാനമെന്നും ഇങ്ങനെ ഒരു ചുറ്റുപാടില്‍ ഇന്ത്യയിലേക്കുള്ള പര്യടനം ഒരു ടീമും റദ്ദാക്കില്ലെന്നും ഖവാജ പറഞ്ഞു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും പര്യടനം റദ്ദാക്കിയത്.

‘പാകിസ്താന്‍ ആയതുകൊണ്ട് താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും നോ പറയാന്‍ എളുപ്പമാണ്. ബംഗ്ലാദേശ് ആണെങ്കിലും ഇത് തന്നെയാകുമായിരുന്നു അവസ്ഥ. പക്ഷേ, ഇങ്ങനെ ഒരു അവസ്ഥയിലാണെങ്കിലും ആരും ഇന്ത്യന്‍ ടീമിനോട് നോ പറയില്ല. പണമാണ് എല്ലാത്തിനു പ്രധാനം. പണം ഒരു വലിയ ഘടകം തന്നെയാണ്. വിവിധ ടൂര്‍ണമെന്റുകളിലൂടെ തങ്ങളുടെ രാജ്യത്ത് ക്രിക്കറ്റ് കളിക്കുക സുരക്ഷിതമാണെന്ന് പാകിസ്താന്‍ വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട്.”- ഖവാജ പറഞ്ഞു.

ആദ്യ ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പര്യടനത്തില്‍ നിന്ന് കിവീസ് പിന്മാറിയത്. 18 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കിവീസ് പാകിസ്താനില്‍ പര്യടനത്തിനെത്തിയത്. സെപ്തംബര്‍ 17ന് റാവല്‍പിണ്ടിയിലാണ് ആദ്യ മത്സരം തീരുമാനിച്ചിരുന്നത്. മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി.

തുടര്‍ന്ന് സംഭവത്തില്‍ വ്യക്തത വരുത്തി ന്യൂസീലന്‍ഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏര്‍പ്പാടുകളില്‍ സംശയമുണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ന്യൂസീലന്‍ഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതല്‍ വിവരിക്കാനില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ന്യൂസീലന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറി.

 

Top