ഇറാന്‍ വിഷയത്തില്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ഊര്‍ജിതമാക്കി യു.എസ്

റാന്‍ വിഷയത്തില്‍ ധാരണ രൂപപ്പെടുത്തുന്നതിനു മുന്നോടിയായി ഇസ്രായേല്‍ ഉള്‍പ്പെടെ സഖ്യരാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച ആരംഭിച്ചു. ഇറാന്‍ ആണവ പദ്ധതിക്ക് ഉപാധികളുടെ അടിസ്ഥാനത്തില്‍ പോലും അനുമതി നല്‍കരുതെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടത്. അതേസമയം തുടര്‍ ചര്‍ച്ചകളില്‍ തങ്ങള്‍ക്കും ഇടം വേണമെന്ന നിലപാടാണ് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചത്.

ഉപരോധം പിന്‍വലിച്ച് ഇറാന്‍ ആണവ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഇറാനുമായി നയതന്ത്ര ചര്‍ച്ചകളോട് എതിര്‍പ്പില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും നിലക്കുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയാണെങ്കില്‍ സഖ്യകക്ഷികളുടെ കൂടി അഭിപ്രായം തേടുക എന്ന നിലക്കാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇസ്രായേലുമായുള്ള ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നു. യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍, ഇസ്രായേല്‍ സുരക്ഷാ ഉപദേഷ്ടാവ് മെര്‍ ബെന്‍ ശാബത്ത് എന്നിവര്‍ തമ്മിലായിരുന്നു ചര്‍ച്ച.

ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്ക് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഇരുകൂട്ടരും പങ്കുവച്ചതായി യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് എമിലി ഹൊണെ പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രായേലിനെ പിണക്കാതെ ഇറാന്‍ വിഷയത്തില്‍ കൃത്യമായ നയസമീപനം രൂപപ്പെടുത്താനാണ് ബൈഡന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.

 

Top