പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍?

എല്ലാ പെട്രോള്‍ പമ്പുകളിലും കാണാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ചിഹ്നം. ഇതെന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പെട്രോള്‍ പമ്പിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് മിക്കവരും വിശ്വസിക്കുന്നു. എന്നാല്‍ ഇതു ശരിയാണോ? പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാനുള്ള കാരണം നോക്കാം.

എണ്ണിയാലൊടുങ്ങാത്ത അതിസൂക്ഷ്മമായ വൈദ്യുത ഘടകങ്ങളാണ് മൊബൈല്‍ ഫോണിനുള്ളില്‍. നെറ്റ്‌വര്‍ക്ക് ടവറുകളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇവയുടെ ലക്ഷ്യം. വൈദ്യുതകാന്ത തരംഗങ്ങള്‍ (Electromagnetic Waves) മുഖേനയാണ് മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനവും. ഈ തരംഗങ്ങള്‍ ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സിയ്ക്കുള്ളിലൂടെ (Radio Frequency) സഞ്ചരിക്കുമ്പോള്‍ ഫോണ്‍ കോളുകള്‍ സാധ്യമാവും.

അതുകൊണ്ടു കോള്‍ വരുമ്പോള്‍/ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്നും പുറത്തുവരുന്ന തരംഗങ്ങള്‍ തീപ്പൊരി (Spark) സൃഷ്ടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം പെട്രോള്‍ പമ്പ് പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അചേതന വൈദ്യുതിയാണ് യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. വിരളമെങ്കിലും അചേതന വൈദ്യുതി ചെറിയ തീപ്പൊരികള്‍ക്ക് കാരണമായി ഭവിക്കാം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്താണ് തീപ്പൊരിയുണ്ടാകുന്നതെങ്കില്‍ ഇന്ധനവാതകങ്ങളിലേക്ക് ഇവ കത്തിപ്പടരും. തതഫ്‌ലമായി പൊട്ടിത്തെറിയുണ്ടാകും.

പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഫോണ്‍ കോള്‍ വന്നാലുള്ള സന്ദര്‍ഭം ഉദ്ദാഹണമെടുക്കാം. സാധാരണയായി മൊബൈല്‍ ഫോണ്‍ ശബ്ദിക്കുമ്പോള്‍ തന്നെ അചേതന വൈദ്യുതി ചെറിയ തോതില്‍ സൃഷ്ടിക്കപ്പെടും. ഈ അവസരത്തില്‍ പെട്രോള്‍ പമ്പിന് പുറത്തുചെന്ന് ഫോണ്‍കോള്‍ എടുത്തതിന് ശേഷം തിരിച്ചുവരാമെന്ന് ചിന്തിക്കുന്നതും തെറ്റാണ്. പുറത്തുനിന്നും ഫോണില്‍ സംസാരിച്ചതിന് ശേഷം കാറിനരികിലേക്ക് വരുമ്പോള്‍ അചേതന വൈദ്യുതിയുടെ അളവ് വര്‍ധിക്കും; തീപ്പൊരി സൃഷ്ടിക്കപ്പെടാം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശവും അചേതന വൈദ്യുതിയെ മുന്‍നിര്‍ത്തിയാണ്.

Top