സൗദിക്ക് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ ഒരുങ്ങി അമേരിക്ക

റിയാദ് : സൗദിക്ക് മിസൈല്‍ പ്രതിരോധ സംവിധാനം നൽകാൻ ഒരുങ്ങി അമേരിക്ക.

15 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന പദ്ധതിക്കാണ് ഇരു രാജ്യങ്ങളും ഒന്നിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ച പ്രതിരോധ സംവിധാനമാണ് താഡ്.

ലോകത്തെ മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് താഡ്. ഇതിന്റെ 44 വിക്ഷേപണ സഹായികളും 360 മിസൈലുകളും വാങ്ങാനാണ് സൗദിയുടെ തീരുമാനം.

ആവശ്യം അംഗീകരിച്ച് കരാറായതായി പെന്റഗണും സ്ഥിരീകരിച്ചു. 15 ബില്യന്‍ ഡോളറിന്റെ മിസൈലുകളും ലോഞ്ചറുകളുമാണ് ഇതിലുണ്ടാവുക.

പാട്രിയോട് പ്രതിരോധ മിസൈലിനെ അപേക്ഷിച്ച് ഉന്നത പ്രതിരോധ ശക്തിയുള്ളതാണ് താഡ് മിസൈലുകള്‍. പൊട്ടിത്തെറിക്കാതെ തന്നെ മിസൈലിനെ നിര്‍വീര്യമാക്കുമെന്നതാണ് താഡ് മിസൈലുകളുടെ പ്രത്യേകത.

പാട്രിയോട് മിസൈലുകള്‍ ആക്രമണത്തിന് വരുന്ന മിസൈലിന് അടുത്തുവെച്ച് പൊട്ടിത്തെറിപ്പിച്ചാണ് നിർവീര്യമാക്കുന്നത്.

ആക്രമണ മിസൈലിന്റെ ഗതി തിരിച്ചുവിടാനും ഇത് കാരണമാവും. അതിനാല്‍ പാട്രിയോടിനെ അപേക്ഷിച്ച കൂടുതല്‍ സുരക്ഷിതമായ പ്രതിരോധ സംവിധാനമാണിത്.

അന്തരീക്ഷത്തില്‍ 150 കിലോമീറ്റര്‍ ദൂരം വരെ താണ്ടാനാകും താഡ് മിസൈലുകള്‍ക്ക്. യുഎഇ ഈ ഇനത്തിലുള്ള മിസൈലുകള്‍ അമേരിക്കയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നുവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top