ബാഗ്ദാദില്‍ വീണ്ടും വ്യോമാക്രമണം; വാര്‍ത്ത നിഷേധിച്ച് അമേരിക്കന്‍ സഖ്യസേന

ബാഗ്ദാദ്: ഇറാന്‍ പൗരസേനയ്ക്ക് എതിരെ ബാഗ്ദാദില്‍ വീണ്ടും വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്കന്‍ സഖ്യസേന. സഖ്യസേന, വടക്ക് ബാഗ്ദാദിലെ ക്യാംപ് ടാജിയില്‍ ഒരു തരത്തിലുള്ള വ്യോമാക്രമണവും സമീപ ദിവസങ്ങളില്‍ നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ സഖ്യസേനയുടെ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

ശനിയാഴ്ച രാവിലെയോടെയാണ് ഇറാഖി മാധ്യമങ്ങള്‍ വ്യോമാക്രമണ വാര്‍ത്ത പുറത്തുവിട്ടത്. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്നാണ് ഇറാഖ് സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നുവെന്നും നാല് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇറാന്റെ ചാരസേനാ തലവന്‍ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.

അതേസമയം സംഘര്‍ഷ സാധ്യതകണ്ട് പശ്ചിമേഷ്യയില്‍ അമേരിക്ക മൂവായിരം സൈനികരെ പുതിയതായി വിന്യസിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ എണ്ണവില ഉയരുകയാണ്. നാളെ മുതല്‍ ഇരുപത് ദിവസത്തേക്ക് ദോഹയില്‍ നടത്താനിരുന്ന ഫുട്‌ബോള്‍ പരിശീലന ക്യാംപ് അമേരിക്ക ടീം റദ്ദാക്കി.

Top