ന്യൂഡല്‍ഹി: ഇന്ത്യ – യുഎസ് വ്യാപാരയുദ്ധം മുറുകുന്നു. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് ചുങ്കം കൂട്ടിയ അമേരിക്കയ്ക്കു മറുപടിയായി ഇന്ത്യ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കടലപ്പരിപ്പ്, പയര്‍, ആര്‍ട്ടേമിയ എന്നിവയാണ് തീരുവ ഉയര്‍ത്തിയവയില്‍ പ്രധാനമായത്. തീരുവ ഉയര്‍ത്തിയത് ഓഗസ്റ്റ് നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
ചിക്പീസ്, ബംഗാള്‍ ഗ്രാം എന്നിവയുടെ തീരുവയില്‍ 60 ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ചൈന-അമേരിക്ക വ്യാപാരയുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയില്‍നിന്നുള്ള മുപ്പത് ഇനം സാധനങ്ങള്‍ക്ക് ഇന്ത്യ ചുങ്കം വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്കയാണ് ആദ്യം ചുങ്കം കൂട്ടിയത്. 24.1 കോടി ഡോളര്‍ ചുങ്കമാണ് അമേരിക്ക അവയില്‍നിന്നു പിരിക്കുക. അത്രയും തുക ചുങ്കം ലഭിക്കാവുന്നതാണ് ഇന്ത്യ ചുങ്കം വര്‍ധിപ്പിച്ച ഇനങ്ങള്‍. നേരത്തേ 20 ഇനങ്ങള്‍ക്കു പിഴച്ചുങ്കം ചുമത്താനാണ് ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) വഴി നോട്ടീസ് നല്‍കിയത്. പിന്നീടു നടന്ന ഇന്ത്യഅമേരിക്ക ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണു 30 ഇനങ്ങള്‍ക്കായി പട്ടിക വലുതാക്കിയത്. 21ന് ഇവയുടെ പിഴച്ചുങ്കം പ്രാബല്യത്തിലാകും.
മോട്ടോര്‍ സൈക്കിളുകള്‍, കലിഫോര്‍ണിയന്‍ ബദാം, വാഷിംഗ്ടണ്‍ ആപ്പിള്‍, വാള്‍നട്ട് എന്നിവയ്ക്കു പിഴച്ചുങ്കം വരും. അമേരിക്കയുടെ വ്യാപാര കമ്മി ഇല്ലാതാക്കുക, അമേരിക്കയില്‍ തൊഴില്‍ കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണു ട്രംപ് മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് പിഴച്ചുങ്കം ചുമത്തുന്നത്.